എൻട്രൻസ്, കുറേ ആശങ്കകൾ….!


School pupils in exam conditions in a school hall

അവനും കറണ്ടും ഒരുമിച്ചാണു വന്നത്. വാട്ട് എ കോയിൻസൈഡ്, അവനുണ്ടേൽ അവിടെ വെളിച്ചം മസ്റ്റാണു. ആര്യാടൻ കറക്ട് ടൈമിൽ സ്ട്രൈക്ക് ചെയ്തു. അവന്റെ പേരു ആനന്ദ്.കെ, വെളിച്ചമില്ലാത്ത സമയത്ത് ആരും അടുപ്പിക്കാത്ത, അധവാ അടുപ്പിച്ചാലും കാണാൻ പാകത്തിനു മുന്നിൽ നിർത്തുന്ന, സാഗർ അലിയാസ് ആനന്ദ് എന്നറിയപ്പെടുന്ന ഒരു ന്യൂ ജെനറേഷൻ ഡ്യൂഡ്.

“വൈകീട്ടെന്താ പരുപാടി?” റേയ്ബാൻ ഗ്ളാസ് കണ്ണിന്റെ മുകളിൽ നിന്നും മൂക്കിൻ തുമ്പിലേക്ക് മാറ്റി പ്രതിഷ്ടിച്ച് കൊണ്ടുള്ള ചോദ്യം.

“എന്ത്, ചായ കുടിക്കണം കുറച്ച് നേരം തിങ്ക് ചെയ്യണം പിന്നെ 8.30 നു ഏഷ്യാനെറ്റ് വെച്ച് സുരേഷട്ടന്റെ അടുത്തുന്ന് കുറച്ച് ജെനറൽ നോളജ് ഉണ്ടാക്കണം.”  നാളെ പരീക്ഷ ഉണ്ടെന്ന കാര്യം മനപ്പൂർവം മറച്ച് വെച്ച് കൊണ്ട് ഞാൻ മൊഴിഞ്ഞു

“ലോൽ. സിനിമാ? മറ്റേ ആ സൗത്ത് ഇന്ത്യൻ ഇംഗ്ളീഷ് സ്പീക്കറുടെ പടം ഹിറ്റായിട്ടുണ്ട്, വാൽനക്ഷത്രം വരുന്ന പോലെയുള്ള ഹിറ്റ് ആയതോണ്ട് പോയി കണ്ടുകളയാം എന്ന് തീരുമാനിച്ചു. വാണ്ണ ജോയിൻ?”

“അവന്റെ കാര്യം പറഞ്ഞപ്പോഴാ ഓർത്തെ, ഇന്ന് രാവിലെ കഴിച്ച പുട്ട് ആൻഡ് കടല വയറ്റിൽ കെടന്ന് പെരുമ്പറ മുഴക്കണുണ്ട്, ഒറ്റ ഫ്ളെഷിൽ തീരുന്ന കാര്യം വെറുതെ അമ്പാടി തീയറ്ററുകാർക്ക് 8ന്റെ പണിയായി പാഴ്സൽ ചെയ്യണോ?”

“ഓഹ് തന്നെഡേയ് തന്നെ. നീയൊന്നും നന്നാവൂല” അവൻ സീൻ വിട്ടു.

പ്രൗഡ് മോമെന്റ്.:- 100 കുതിരശക്തിയിൽ വന്ന പ്രലോഭനമാണു വഴിതിരിച്ച് വിട്ടത്. .നാളെ ഞാൻ പാസ്സാവുന്നതിന്റെ ലക്ഷണമൊക്കെ ഉണ്ട്.

സമയം 2.30

പഠിപ്പ്മുറി അധവാ കിടപ്പ്മുറി

6/4/2013

“മിസ്റ്റർ, ശാരോൺ പ്രദീപ് നീ ഇതുവരെ പഠിച്ചില്ല അല്ലെ? പറ സോറീ ശക്തിമാൻ പറ” എല്ലാ പരീക്ഷാതലേന്നത്തേയും പോലെ അന്നും കെ.ടി മിറാഷിന്റെ ആ ഫേമസ് ഡയലോഗ് എന്റെ ബിസ്സീ ഇവെനിങ്ങിനു ബാക്ക്ഗ്രൗണ്ട് സ്കോർ വായിച്ചുകൊണ്ടിരുന്നു. പട്ടിയെപോലെ പണിയെടുത്താലെ  നാളെ പരീക്ഷ പാസ്സാവൂ. എല്ലാ ഗുരുക്കന്മാരേയും മനസ്സിൽ ധ്യാനിച്ച് പുസ്തകം തുറന്ന്. ആഹാ,പുതിയ മണം,ഈ കൊല്ലം പുസ്തകം തുറക്കാത്തതുകൊണ്ട് നല്ല ശുഭസുഗന്ധത്തിൽ പഠനം തുടങ്ങാനായി. ആദ്യത്തെ പേജ്, ഹോ എനിക്ക് എന്നോട് തന്നെ അസൂയ തോന്നി.

“ഇത് നിന്റെ ദിവസാണു, ഗോ വിത്ത് ഇറ്റ്. ഒരാൾ ജീവിതത്തിൽ എന്തെങ്കിലും ആവണെമെന്ന് വിചാരിച്ചാൽ അയാൾ അത് ആയിരിക്കും” ആ കലിപ്പ് അശരീരി എന്നെ മൃണാളവദനാക്കി. “പഠിക്കണം, കുറേ കാലമായി കുറേ കൂതറകൾ വാഴുന്ന എഞ്ചിനീയറിങ്ങ് രംഗത്തെ പരിപോഷിപ്പിക്കണം പരിപോഷിപ്പിക്കണം എന്ന് വിചാരിക്കുന്നു. ഇന്നേതായാലും അവന്മാരെ ഒരു പാഠം പഠിപ്പിച്ചിട്ട് തന്നെ ബാക്കി കാര്യം”

പുസ്തകം തുറന്നപ്പോഴേക്കും, എന്റെ എല്ലാ പരീക്ഷകളും കുളമാക്കിയ ചരിത്രമുള്ള ഫോൺ ബെല്ലടിച്ചു.

“അളീ, ഇയ്യെവിടാ? ഞാൻ ഇവിടെ നമ്മടെ അമ്പലത്തിൽ ഉണ്ട് ട്ടാ, നീ വേഗം വന്നേ. എന്റെളിയാ ഇവിടെ വന്നാപിന്നെ ഒന്നും കാണാൻ പറ്റൂലാട്ടാ, നല്ല കിടുപെൺപിള്ളേരു മാത്രം.”

‘സുന്ദരവിഡ്ഡി’ എന്നത് ഞങ്ങൾ സ്നേഹത്തോടെ ഷോർട്ട് ആക്കി ‘സുവി’ന്ന് വിളിക്കുന്ന വിഷ്ണു. സ്നേഹം കൂടുമ്പോ അക്ഷരം കുറയുമല്ലോ, ക്വയറ്റ് നാചുറൽ.

മുമ്പ് പല വായിനോക്കികളേം കണ്ടിട്ടുണ്ടെങ്കിലും, വായനോട്ടം ഒരത്ഭുദമായി തോന്നിയത് ഈ കാളിനു ശേഷമാണു. എന്തായാലും ഇന്നതെ ഈവെനിങ്ങ് ‘ഉ’ യിൽ തുടങ്ങുന്ന ആ സാധനമായി. എനി പഠിത്തം നടക്കൂല. എല്ലാ സ്വപ്നങ്ങളും തകർന്ന് തരിപ്പണമായി. പോവാതിരുന്നാൽ അതിക്രൂരനായി ഒരു പഠിപ്പിസ്റ്റായി മാറേണ്ടി വരും. അങ്ങനെ കുപ്പായമെടുത്തിട്ട് പുറത്തിറങ്ങി.

സമയം 3 മണി

അമ്പലം

6/4/2013

“വൊവ്, നോക്കെഡേയ് നമ്മടെ റിമാ കല്ലിങ്കലിനെ പോലത്തെ പെണ്ൺ.” കണ്ൺ ഉരുണ്ട് വരുന്നു

“എങ്കിൽ വിട്ടേരു മോനെ,  പ്രണയത്തിലെ ലാലേട്ടനെ പോലെ ഉണ്ടെന്ന് വേണെൽ പറയാം എന്ന അവസ്ഥയിൽ ആവും”

“എന്തുവാ ഇത്, ആട്ടിങ്കാട്ടം പോലെ പെൺപിള്ളേരു ഒഴുകി വരുന്നുണ്ടല്ലോ? കോരിയെടുക്കാൻ പ്ളാവിലയൊന്നും എടുത്തില്ല, ഐ മീൻ ക്യാമറ”  നാക്ക് വെളിയിൽ വരുന്നു

“തുപ്പലു തെറിപ്പിക്കാതെഡേയ്.”

ആ വായ്നോട്ടം സീൻ മെഗാ സീരിയലു പോലെ തുടർന്നു. എലിക്ക് പ്രാണവേദന പൂച്ചക്ക് ഗിറ്റാറു വായന എന്നൊക്കെ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു. നാളത്തെ പരീക്ഷ കഴിഞ്ഞു അതേ ചോദ്യകടലാസ്സിൽ കെട്ടിത്തൂങ്ങുന്നത് ഞാൻ സ്വപ്നം കണ്ടു. ജീവിതത്തിൽ പല പരീക്ഷണങ്ങളും ഉണ്ടാവും,തളരാൻ പാടില്ല. ഇപ്പൊ ഞാൻ എന്ത് ചെയ്യുന്നു എന്നനുസരിച്ചിരിക്കും ഫാവി. പല ഐഡിയകളും മനസ്സിൽ കത്തി. ഇവന്റെ തലക്കടിച്ച് ഓടി കളഞ്ഞാലോ? വേണ്ട വല്യ പുലിവാലാവും. ഇവൻ കാണാതെ മുങ്ങിയാലോ, അപ്പൊ പഠിപ്പിസ്റ്റ് എന്ന പേരു വീഴും. യേസ് എന്റെ തലക്ക് മുകളിൽ 100 വാട്ട്സിന്റെ ആ ബൾബ് കത്തി. ഫോൺ എടുത്തു ചെവിയിൽ വെച്ചു, ഇത്തരം സന്ദർഭങ്ങളിലാണു മോനെ ഫോണുന്റെ യത്ഥാർഥ ആവശ്യം.

“ഹലോ, ങേ എന്ത്? അത് സംഭവിച്ചോ? ഓഹ് മൈ ഗോഡ്” ഇടതു കൈ നെഞ്ചത്ത് വെച്ച് രണ്ട് കണ്ണും പുറത്തോട്ട് തള്ളി ഞാൻ ചുമ്മാ ഞെട്ടി. എല്ലാവരുടെ ഉള്ളിലും ഓരോ നടനുണ്ട് മോനെ, ചെലപ്പോ മോഹൻലാലും മമ്മൂട്ടീം ഒക്കെ തോറ്റ് പോവണ നായകൻ.

“എടാ എനിക്ക് പെട്ടന്ന് പോവണം. എന്റെ ഒരു റിലേറ്റിവെ മരിച്ചിട്ടുണ്ട്”

“ഊപ്സ്, ഛെ. സാരമില്ലെടാ, വലിയ എന്തോ വരാനുള്ളത് ഇങ്ങനെ കഴിഞ്ഞുന്ന് വിചാരിച്ചാ മതി”

അങ്ങനെ ആ അമ്പലപറമ്പിൽ നിന്നും മനോഹരമായി സ്കൂട്ട് ചെയ്തു. ഹിലാരിയസ്.

സമയം 5 മണി

വീട്

6/4/2013

 

ഒരു രാത്രി മുമ്പിലുണ്ട്.. ധാരാളം. ഒടുവിൽ ഞാൻ പഠിക്കാൻ പോവുന്നു. പുസ്തകം വീണ്ടും തുറക്കപ്പെട്ടു.  “ഡിങ്ങ് ഡോങ്ങ്” കോളിങ്ങ് ബെൽ. സമ്മതിക്കൂല അല്ലെ? വല്ല പിരുവുകാരും ആവണേയെന്ന ആരും പ്രാർത്ഥിക്കാത്ത പ്രാർത്ഥന ഞാൻ പ്രാർത്ഥിച്ചു. പ്രാർത്ഥിക്കാൻ എല്ലാവർക്കും ഓരോ കാരണമുണ്ടെന്ന്, ആ ചന്ദനതിരിക്കാരു പറയണെ വളരെ ശരിയാണു. നഷ്ടബോധം,വൻ നഷ്ടബോധം ആ ബ്രാൻഡ് അഗർബത്തീസ് വാങ്ങി വെക്കാത്തത് ഞാൻ ചെയ്ത ഏറ്റവും വല്യ അപരാധം. നേരത്തെ കേട്ട ആ സംഗീതാത്മകമായ മണി മുഴക്കിയത് മണി എന്ന് പേരുള്ള എന്റെ സ്വന്തമല്ലാത്ത ഒരു അമ്മാവൻ. ഇപ്പൊ വിളി വരും. കഴുത്തിൽ കയറു കെട്ടി കഴിഞ്ഞ് ലിവറു വലിക്കാൻ കാത്ത് നിക്കുന്ന കൊലപ്പുള്ളിയെപോലെ ഞാൻ കാതോർത്തു. 5 മിനുട്ട്, ദേ വിളിച്ച്.

“ഡാ കുട്ടാ, ഇവിടെ ആരാ വന്നേന്ന് നോക്കിയേ….”

നോക്കിക്കളയാം എന്ന് കരുതി എറങ്ങി.

“നീ അങ്ങു വളർന്ന് പൊയല്ലോടാ” പ്രായപൂർത്തി ആവത്ത എല്ലാ പയ്യൻസിനെ കണ്ടാലും പ്രായപൂർത്തി ആയി പണ്ടാരമടങ്ങിയ ടീംസ് പറയുന്ന അതേ ഡയലോഗ്.

“ഇങ്ങട്ട് വാ ഇവിടെ ഇരുന്നേ.” അങ്ങനെ നിവർത്തിയില്ലാതെ ആ ഇറ്റലി നാവികൻസിനെ പോലെ ഞാൻ സ്വയം പിടികൊടുത്തു.

“ഇങ്ങനെ കളിച്ച് നടന്നാൽ പോര പഠിക്കണം, പഠിച്ചാലേ എന്നെ പോലെ വല്യ ആളാവൂ” അങ്ങേരു പണി തൊടങ്ങി.

ഇപ്പഴും സർക്കാരാപ്പീസിലെ പ്യൂണു തന്നല്ലെഡേയ് എന്ന് ചോദിക്കണമ്ന്ന് ഉണ്ടായിരുന്നു. വല്യ ആൾക്കാരെ ബഹുമാനിക്കണം എന്ന് രണ്ടാം ക്ലാസിൽ പഠിപ്പിച്ച സരസ്സമ്മ ടീച്ചറെ ഓർത്ത് ക്ഷമിച്ചു. പുള്ളിക്കാരൻ വിടാൻ ഭാവമില്ല, മിക്സ്ച്ചറും ബിസ്കറ്റും സൈഡായി തിന്നുന്നുണ്ട്.

“മോനെ, നീ അധികം ബേക്കറി ഒന്നും കഴിക്കരുത്, വയറിനു കേടാണു. നല്ല നാടൻ പഴം അതും വീട്ടിൽ ഉണ്ടായത് ഒക്കെ കഴിക്കണം. വിറ്റാമിൻ സിയാ സി” ചായയിൽ മുങ്ങിപ്പോയ ബിസ്കറ്റ് മുങ്ങി എടുക്കുന്നതിനിടെ മൊഴിഞ്ഞു. അടുത്താതായി പുള്ളി ആക്രമിച്ചത് എന്റെ വീട്ടിലെ സോഫ സെറ്റിനെ ആയിരുന്നു. സക്കീർ ഹുസ്സൈൻ സ്റ്റൈലിൽ ‘അഭി മാരേഗാ’ രാഗത്തിൽ തബല വായിച്ചു തുടങ്ങി. രക്ഷപ്പെടാൻ ഒരു വഴീം കാണുന്നുല്ല. എനി കരഞ്ഞു കാലുപിടിക്യാ എന്ന ഒറ്റ നംബറു മാത്രം. ‘പൊയ്കൂടെ’ എന്ന് ദയനീയ ഭാവത്തിൽ ഞാൻ നോക്കി. ഒരു രക്ഷേം ഇല്ല.അങ്ങേർ ആ സംഗീത സാഗരത്തിൽ നീന്തിതുടിക്യാണു.

“അതേയ്,പിന്നേയ് എനിക്ക് നാളെ പരീക്ഷ ആണൂട്ടാ”  നിവൃത്തിക്കേട് കൊണ്ട് ആ സത്യം ഞാൻ പറഞ്ഞു.

“ഗുഡ്. ഞാൻ നിനക്ക് നല്ല കുറേ ഉപദേശം തരാം. എക്സാം ടിപ്പ്സ്, കുറേ നാളായി ആർക്കെങ്കിലും എക്സാം ടിപ്സ് കൊടുക്കണം എന്ന് വിചാരിക്കുന്നു” പിന്നേം പെട്ട്.

അങ്ങനെ സുദീർഘമായ എക്സാം ടിപ്സ് ഒക്കെ കിട്ടി, തൃപ്തിയടഞ്ഞു. ഒരു രണ്ട് മണിക്കൂർ സ്വയം ഇങ്ങനെ നാലായി മടങ്ങി ചുരുണ്ട്, തീപ്പെട്ടി ഉരച്ച് കത്തിച്ച പോലായി.

സമയം 7 മണി

അങ്ങനെ പ്രത്യേകിച്ച് സ്ഥലമൊന്നും ഇല്ല

6/4/2013

 

ഒടുക്കം ഫ്രീ ആയി. ഒന്നും വൈകിയിട്ടില്ല. ‘വേണമെങ്കിൽ മണ്ഡരി വന്ന തെങ്ങീന്നും ഇളനീർ കുടിക്കാം’ എന്ന പഴഞ്ചൊൽ ഉണ്ടാക്കിയവനു ശരണം വിളിച്ച് പഠിക്കാൻ ഇരുന്ന്. പഠിത്തമ്ന്ന് പറഞ്ഞാ വട്ടാവണ പഠിത്തം. ഒരു കൊല്ലം മുഴുവൻ എടുത്ത് പഠിപ്പിസ്റ്റേളു പഠിക്കണ സാധനാണു, ഇതാ വെറും രണ്ട് മണിക്കൂറിൽ ഞാൻ തീർക്കാൻ പോവണത്. എന്നോട് തന്നെ ബഹുമാനം. പഠിത്തം തുടങ്ങ്യേന്റെ ഭാഗായി ആ കൊല്ലം ആദ്യായിട്ട് ആ സാധനം വന്ന് “ഡൗട്ട്”. ഉടൻ സഹബെഞ്ചനും,എന്നെ പോലെ തന്നെ ഇന്ന് പഠിത്തം തുടങ്ങിയിട്ടുണ്ടാവും എന്ന് ഞാൻ കരുതുന്നവനും ആയ സൂരജിനെ വിളിച്ച്.

“നിങ്ങൾ വിളിക്കുന്ന സബ്സ്ക്രൈബർ ഇപ്പൊ പരിധിക്ക് പുറത്താണു”

ഒരു പെണ്ണല്ലെ പറയുന്നെന്ന് കരുതി ഞാൻ ക്ഷമിച്ച്. പിന്നേം വിളിച്ച്, അതേ ഡയലോഗ്. വന്ന തെറി മുഴുവൻ ഓളെ വിളിച്ച്, പാവം കുട്ടി പേടിച്ചൂന്ന് തോന്നുന്നു, അടുത്ത വിളിയിൽ ലൈൻ ശെരിയാക്കി തന്നു.

“എന്തിരെഡേയ്, പഠിച്ചു കഴിഞ്ഞാ?” ചോദ്യം വിത്ത് പുച്ഛം.

“ഇല്ലാ, ലാസ്റ്റ് ചാപ്റ്ററിലെ മറ്റേ ആ സാധനം മനസ്സിലാവണില്ല” ഞാൻ പറഞ്ഞു.

“വെൽ. എന്തിനാ വിളിച്ചെ”

“ഡൗട്ട്”

ദെ സബ്സ്ക്രൈബർ യു ആർ കാളിങ്ങ് ഇസ് ബിസ്സി അറ്റ് ദെ മൊമെന്റ്. മറ്റേ ആ പെണ്ണിന്റെ വർത്താനം.

“ശരി ചേച്ചി, ബിസ്സി അല്ലാണ്ടാവുമ്പോ ഒരു മിസ്സ് ഇട്ടാ മതീന്ന് അവനൊട് പറഞ്ഞേക്ക്”.

എല്ലാ കൂതറകളും പഠിക്യാണു. അദ്യമേ പഠിക്കണ്ടതായിരുന്നു എന്ന് ആ കൊല്ലം ആദ്യമായിട്ട് എനിക്ക് തോന്നി. എന്തായലും വരുന്ന പോലെ വരട്ടെ. ഡൗട്ട് വന്ന സ്ഥിതിക്ക് തീർത്തേ പറ്റൂ. മൊബൈലെടുത്ത് ബി.എസ്.എൻ.എല്ലിനു മെസ്സേജങ്ങയച്ചു, “ചേട്ടായിയേ, ആ 13 റുപ്പ്യേന്റെ മറ്റേ നെറ്റ് ഓഫറു ഫോണിലു കേറ്റി തായോന്ന്” പൈസ കിട്ടുന്ന ഏർപ്പാടെങ്കി കൂടെ ബി.എസ്.എൻ.എല്ലുകാരു മിനിമം അര മണിക്കൂർ എടുക്കാണ്ട് ഒന്നും തരൂല. അങ്ങനെ അര മണിക്കൂർ കഴിഞ്ഞ് ഞാൻ നെറ്റിൽ കേറി. പണ്ടേ ഭയങ്കര ബുദ്ദി ആയതോണ്ട് ഡൗട്ട് ഒക്കെ പെട്ടന്ന് തീർന്നു. എന്തായാലും 13 രൂപ പോയി, എനിയിപ്പ സക്കർബർഗിനു സങ്കടം വേണ്ടാന്ന് കരുതി മ്മടെ ചുള്ളന്മാരു മുഴുവൻ അടയിരിക്കണ ആ സാധനത്തുലോട്ട് കയറി, ഫേസ്ബുക്ക്. അതുവരെ ചാറ്റാത്ത പെൺപിള്ളേർ ഒക്കെ ഹായ് അയക്കുന്നു. ഹം മനപ്പൂർവ്വാണു. അവസാനം ലോഗൗട്ട് ചെയ്യുമ്പോ ഞാൻ വലിയൊരു പാഠം പഠിച്ചു എക്സാമിന്റെ തലേന്ന് ഒരു കാരണവശാലും ജി.പി.ആർ.എസ് ആക്ടിവേറ്റരുതെന്ന്.

സമയം 10.30

കിടക്ക

6/4/2013

മോനെ ഒരു ദിവസം തുലച്ചിട്ടാണു നീ ഇരിക്കുന്നേ. എന്റ് ട്രൻസ് കോച്ചിങ്ങ് എന്നും പറഞ്ഞ്, കോഴിക്കോടങ്ങാടീലെ ഷോപ്പിങ്ങ് മാളിൽ മേലോട്ടും താഴോട്ടും കേറിയിറങ്ങിക്കളിച്ചപ്പൊ ഓർക്കണമായിരുന്നു… നെഞ്ചിൽ ഒടുവിലുണ്ണികൃഷ്ണൻ ഉടുക്കടിച്ച് തുടങ്ങി.

സമയം 11:– IIT പൊലിഞ്ഞു.

സമയം 11.30:–  NIT തകർന്ന് തരിപ്പണമായി.

സമയം 12:– കേരളത്തിലെ ഒരോ ഗവണ്മെന്റ് കോളേജും, താഴിട്ട് പൂട്ടി സീൽ വെക്കുന്നത് ഉറക്കത്ത് കണ്ട് ഞെട്ടി എഴുന്നേറ്റു. വൗവ്, ഒറ്റ ദിവസം കൊണ്ട് കമ്പ്ളീറ്റ് ഭാവി പ്രതീക്ഷകളും പൊട്ടിതകരുന്ന സുന്ദരമായ കാഴ്ച ഞാൻ വായും തുറന്ന് നോക്കി നിന്നു. എനി ഉണർന്ന് ഇരിക്കുന്നത് 60വാട്ട് ബൾബിന്റെ രൂപത്തിൽ കെ.എസ്.ഇ.ബിക്ക് കനത്ത ഊർജ്ജ പ്രതിസന്ധി വരുത്തിവെയ്കും എന്ന തിരിച്ചറിവും, പഠിത്തത്തേക്കാൾ പ്രധാനം ആരോഗ്യം പ്രദാനം ചെയ്യുന്ന നല്ല ഉറക്കമാണെന്ന അവബോധത്തിലും ഞാൻ കിടന്നുറങ്ങി.

സമയം 8 മണി.

ബസ്സ് സ്റ്റോപ്പ്

74/2013

ദാ, എനി വരുന്ന ബസ്സിലാണു ഞാൻ എന്റെ ഭാവീലേക്ക് യാത്ര ചെയ്യാൻ പോവണെ. ജീവിതത്തിൽ അദ്യായിട്ട് കണ്ണൂർ-കോഴികോട് ബസ്സിന്റെ ഡ്രൈവറെ ആരാധനയോടെ കണ്ടു. ബസ്സ് സ്റ്റോപ്പിൽ ഇരുന്ന് പോലും പഠിക്കണ കുട്ട്യോൾ. അപ്പുറത്തെ വീട്ടിലെ പപ്പേട്ടന്റെ, നാട്ടിലാരും കാണാത്ത മോൾ അതാ. അവൾ പപ്പേട്ടനെ ‘പപ്പാ’ എന്ന് വിളിച്ച് കൊണ്ട് തന്റെ ഇടക്കിടെ വരുന്ന ഡൗട്ടുകൾ തീർക്കുന്നു. പത്താം ക്ളാസ് പാസ്സാവാത്ത അങ്ങേർ അതെങ്ങനെ തീർക്കുന്നോ ആവോ?.

സമയം 8.30

പരീക്ഷഹാ

7/4/2013

 

ശെരിക്കും പേടിച്ചത് അവിടുന്നാണു. ഗോദയിലേക്ക് മൈക്ക് ടൈസനെ കയറ്റി വിടുന്ന പോലെയാണു എക്സാം ഹാളിലേക്ക് പിള്ളേരെ കയറ്റി വിടുന്നത്. ഹോർലിക്സും ബൂസ്റ്റും ഒക്കെ പബ്ളിക്ക് ടാപ്പീന്ന് വരണ വെള്ളം പോലെ കുട്ടികളുടെ വായിലേക്ക്, അച്ഛനമ്മമാർ കമഴ്ത്തുന്നുണ്ട്. എൻട്രൻസ് പരീക്ഷേൽ ഉത്തേജക പരിശോധന അത്യന്താപേക്ഷികമാണെന്ന് തോന്നിയ നിമിഷങ്ങൾ. എന്തായാലും മോശമാക്കണ്ട എന്ന് കരുതി, ഞാനും ബുക്ക് ഒക്കെ എടുത്ത് പഠിക്കുന്ന പോലെ അഭിനയിച്ചു. അത്ഭുതം, അതുവരെ ഒരു ലോഡ് പുച്ഛവുമായി എന്നെ നോക്കിയിരുന്ന പെൺകുട്ടികളൊക്കെ, സച്ചിൻ ടെൻഡുൽ ക്കറിനെ നേരിട്ട് കണ്ടപോലെ എന്നെ നോക്കി. ലൈനുകളുടെ കാര്യത്തിൽ അവിടെ വെച്ച് ഞാൻ എന്റെ നൂറാം സ്വെഞ്ചറി അടിക്കും എന്ന് തോന്നിയ മിനിട്ടുകൾ. അത് പെട്ടന്ന് കഴിഞ്ഞു. ക്ളാസിൽ ടീച്ചർ എത്തി. പൂജ്യം വെട്ടിക്കളിയെ അനുസ്മരിപ്പിക്കുന്ന OMR ഷീറ്റ് എന്ന സാധനവും എത്തി. ഭാവി ഒരു പൂജ്യം വെട്ടികളിയായിരിക്കും എന്ന് സ്വപ്നേ നിരീച്ചില്ല. അങ്ങനെ പരീക്ഷ ഒക്കെ തുടങ്ങി. ഇത്തരം പരീക്ഷകൾക്ക് ഒരു പേനയെക്കാൾ ഉപരിയായി നമ്മുടെ കയ്യിൽ വേണ്ടത്,ഒരു ചെറിയ ടബ്ബയും A,B,C,D എന്നിങ്ങനെ എഴുതിയിട്ടുള്ള നാലു കടലാസ്സുകളുമാണു. അതുണ്ടെങ്കിൽ മാത്രമേ വൃത്തിയായി കറക്കികുത്തൽ എന്ന പ്രക്രിയ നിർവഹിക്കാൻ സാധിക്കൂ. കുറേ ആൻസർ ഒക്കെ കണ്ടുപിടിച്ചു. ഉത്തരങ്ങൾ കണ്ടു പിടിക്കുക എന്നത് ഒരു സുഖവും ഇല്ലാത്ത പരുപാടി ആണെങ്കിലും അത് കറപ്പിക്കുക എന്നത് നല്ല ആനന്ദദായകമായ പ്രവർത്തിയാണു. സുദീർഘമായ 3 മണിക്കൂറുകൾ കൊണ്ട് ഞാനെന്റെ ഭാവിയാകുന്ന OMR ഷീറ്റിൽ കരി വാരിത്തേച്ചു. സമയം കഴിഞ്ഞിട്ടും ഞാൻ ഒരു 5 മിനിട്ട് അധികം ചോദിച്ചത് കൊണ്ടാവണം, ഒരു സെലിബ്രിറ്റി പരിഗണനയാണു സഹഹാളുകാരായ പെൺകുട്ടികളിൽ നിന്നും ലഭിച്ചത്.

“എങ്ങനെ ഉണ്ടായിരുന്നു എക്സാം” എന്ന് അവരൊക്കെ ആരാധനയോടെ ചോദിച്ചു.

“വിചാരിച്ച അത്ര ബുദ്ധിമുട്ടില്ല” എന്ന് പറഞ്ഞ് പുച്ഛഭാവത്തിൽ അവരെ ഓവർ ടേക്ക് ചെയ്യുമ്പോഴും ‘എന്റെ ബുദ്ധിക്ക് മുട്ടില്ലാ’ എന്നാണോ അതോ എക്സാം ബുദ്ധിമുട്ടില്ല എന്നാണോ അവർക്ക് മനസ്സിലായത് എന്ന സംശയം മാത്രം ബാക്കി ഉണ്ടായിരുന്നു.

സമയം: ഒമ്മയില്ല

സ്ഥലം: വീടിന്റെ ഉമ്മറം

“കിട്ട്വോ?” അച്ഛൻ കൂടുതലൊന്നും ചോദിച്ച് ബുദ്ധിമുട്ടിച്ചില്ല.

“പിന്നേ, വല്യ റാങ്ക് കിട്ടും…”

അവിടെ കുറേ മന്ദഹാസങ്ങളു വിരിഞ്ഞു, ആ നിശബ്ദ ദീനരോദനം ആരും കേട്ടില്ലാന്ന് തോന്നണൂ…

Advertisements

Previous Older Entries Next Newer Entries